നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് ജെയിംസ് ബാങ്ക്സ്

വാലുകളും നാവുകളും ആട്ടുന്നു

ഗവർണറുടെ ഭാര്യയുടെ പൂച്ചയുടെ ജീവൻ പെപ്പ് അപഹരിച്ചതായി പത്രം പ്രഖ്യാപിച്ചു - പക്ഷേ അവൻ അത് ചെയ്തിരുന്നില്ല. ഗവർണറുടെ കൊട്ടാരത്തിലെ സോഫ കടിച്ചുകീറിയതു മാത്രമായിരിക്കാം അവൻ ചെയ്തത്.

1920-കളിൽ പെൻസിൽവാനിയയുടെ ഗവർണറായിരുന്ന ഗിഫോർഡ് പിഞ്ചോട്ടിന്റെ ഉടമസ്ഥതയിലുള്ള കൊച്ചു ലാബ്രഡോർ റിട്രീവർ ആയിരുന്നു പെപ്പ്. നായയെ ഈസ്റ്റേൺ സ്റ്റേറ്റ് ദുർഗുണ പരിഹാര ജയിലിലേക്ക് അയച്ചിരുന്നു, അവിടെ തടവുകാരന്റെ തിരിച്ചറിയൽ നമ്പർ ധരിപ്പിച്ച് അവന്റെ ഫോട്ടോ എടുത്തു. ഒരു പത്ര ലേഖകൻ അത് കേട്ടപ്പോൾ പൂച്ചയെ കൊന്ന കഥ ഉണ്ടാക്കി. അയാളുടെ റിപ്പോർട്ട് പത്രത്തിൽ വന്നതിനാൽ, പെപ്പ് ശരിക്കും ഒരു പൂച്ചക്കൊലയാളിയാണെന്ന് പലരും വിശ്വസിച്ചു.

യിസ്രായേലിലെ ശലോമോൻ രാജാവിന് തെറ്റായ വിവരങ്ങളുടെ ശക്തി നന്നായി അറിയാമായിരുന്നു. അദ്ദേഹം എഴുതി, ''ഏഷണിക്കാരന്റെ വാക്കു സ്വാദുഭോജനംപോലെയിരിക്കുന്നു; അതു വയറ്റിന്റെ അറകളിലേക്കു ചെല്ലുന്നു'' (സദൃശവാക്യങ്ങൾ 18:8). ചിലപ്പോൾ നമ്മുടെ വീണുപോയ മനുഷ്യ സ്വഭാവം മറ്റുള്ളവരെക്കുറിച്ചുള്ള സത്യമല്ലാത്ത കാര്യങ്ങൾ വിശ്വസിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു.

എന്നിട്ടും, മറ്റുള്ളവർ നമ്മെക്കുറിച്ചുള്ള അസത്യങ്ങൾ വിശ്വസിക്കുമ്പോഴും, ദൈവത്തിന് നമ്മെ നന്മയ്ക്കായി ഉപയോഗിക്കാൻ കഴിയും. വാസ്തവത്തിൽ, ഗവർണർ പെപ്പിനെ ജയിലിലേക്ക് അയച്ചത് അവിടെയുള്ള അന്തേവാസികൾക്ക് ഒരു സുഹൃത്തായിരിക്കാൻ വേണ്ടിയായിരുന്നു. കൂടാതെ അവൻ ഒരു പയനിയർ തെറാപ്പി നായയായി വർഷങ്ങളോളം സേവനം ചെയ്തു.

മറ്റുള്ളവർ എന്ത് പറഞ്ഞാലും വിചാരിച്ചാലും നമ്മുടെ ജീവിതത്തെക്കുറിച്ചുള്ള ദൈവത്തിന്റെ ഉദ്ദേശ്യങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു. മറ്റുള്ളവർ നമ്മളെക്കുറിച്ച് ഏഷണി പറയുമ്പോൾ, അവന്റെ അഭിപ്രായവും നമ്മോടുള്ള സ്‌നേഹവുമാണ് ഏറ്റവും പ്രധാനമെന്ന് ഓർക്കുക.

സ്തുതിക്കുവാൻ ഓർക്കുക

ഞങ്ങളുടെ സഭ ഞങ്ങളുടെ ആദ്യത്തെ കെട്ടിടം നിർമ്മിച്ചപ്പോൾ, കെട്ടിടത്തിന്റെ ഉൾവശം പൂർത്തിയാകുന്നതിന് മുമ്പ് ആളുകൾ മതിൽ തൂണുകളിലും (കെട്ടിടത്തിന്റെ ചോട്ടക്കൂടിനെ താങ്ങുന്ന ഭിത്തിക്കു പിന്നിലെ ലംബമായ ബീമുകൾ) കോൺക്രീറ്റ് തറകളിലും നന്ദിയുടെ ഓർമ്മപ്പെടുത്തലുകൾ എഴുതിവെച്ചു. തൂണികളിൽ നിന്ന് ഭിത്തി നീക്കിയാൽ നിങ്ങൾക്കവ അവിടെ കാണാൻ കഴിയും. ''അങ്ങു വളരെ നല്ലവനാണ്!'' എന്നതുപോലുള്ള സ്തുതിവചനങ്ങളും പ്രാർത്ഥനകളും തിരുവെഴുത്തിൽ നിന്നുള്ള വാക്യങ്ങളും അവരെഴുതി. ഞങ്ങൾ നേരിട്ട വെല്ലുവിളികൾക്കപ്പുറമായി ദൈവം ദയയും കരുതലും കാണിച്ചിരുന്നു എന്നതിന് വരും തലമുറകൾക്ക് സാക്ഷിയായി ഞങ്ങൾ അതവിടെ രേഖപ്പെടുത്തി.

ദൈവം നമുക്കുവേണ്ടി ചെയ്ത കാര്യങ്ങൾ നാം ഓർക്കുകയും അതിനെക്കുറിച്ച് മറ്റുള്ളവരോട് പറയുകയും വേണം. "യഹോവ നമുക്കു നല്കിയതുപോലെ ഒക്കെയും ഞാൻ യഹോവയുടെ പ്രീതിവാത്സല്യത്തെയും യഹോവയുടെ സ്തുതിയെയും അവന്റെ കരുണക്കും മഹാദയെക്കും ഒത്തവണ്ണം അവൻ യിസ്രായേൽ ഗൃഹത്തിന്നു കാണിച്ച വലിയ നന്മയെയും കീർത്തിക്കും" (യെശയ്യാവ് 63:7) എന്നു രേഖപ്പെടുത്തിയതിലൂടെ യെശയ്യാവ് ഇതിനു മാതൃക കാണിച്ചു. പിന്നീട്, ചരിത്രത്തിലുടനീളം തന്റെ ജനത്തോടുള്ള ദൈവത്തിന്റെ ദയയും പ്രവാചകൻ വിവരിക്കുന്നു, "അവരുടെ കഷ്ടതയിൽ ഒക്കെയും അവൻ കഷ്ടപ്പെട്ടു" (വാ. 9) എന്നു പോലും പറയുന്നു. എന്നാൽ നിങ്ങൾ അധ്യായം തുടർന്നും വായിക്കുകയാണെങ്കിൽ, യിസ്രായേൽ വീണ്ടും ഒരു പ്രശ്‌നത്തിലായെന്ന് നിങ്ങൾക്കു മനസ്സിലാകും, കൂടാതെ ദൈവത്തിന്റെ ഇടപെടലിനായി പ്രവാചകൻ ആഗ്രഹിക്കുന്നതായും കണാം.

ദൈവത്തിന്റെ മുൻകാല ദയകൾ ഓർക്കുന്നത് ബുദ്ധിമുട്ടുള്ള സമയങ്ങളിൽ സഹായകരമാണ്. വെല്ലുവിളി നിറഞ്ഞ ഋതുക്കൾ വരികയും പോകുകയും ചെയ്യുന്നു, എന്നാൽ അവന്റെ വിശ്വസ്ത സ്വഭാവം ഒരിക്കലും മാറുകയില്ല. അവൻ ചെയ്ത എല്ലാ കാര്യങ്ങളുടെയും സ്മരണയിൽ നന്ദിയുള്ള ഹൃദയത്തോടെ നാം അവങ്കലേക്ക് തിരിയുമ്പോൾ, അവൻ എപ്പോഴും നമ്മുടെ സ്തുതിക്ക് യോഗ്യനാണെന്ന് നാം വീണ്ടും കണ്ടെത്തുന്നു.

ശൗലേ, സഹോദരാ

"കർത്താവേ, എന്നെ അവിടെയൊഴിച്ച് മറ്റെവിടെ വേണമെങ്കിലും അയയ്ക്കൂ." വിദേശ കൈമാറ്റ വിദ്യാർഥിയായുള്ള ഒരു വർഷം ആരംഭിക്കുന്നതിനുമുമ്പ് കൗമാരക്കാരനായ എന്റെ പ്രാർഥന അതായിരുന്നു. ഞാൻ എങ്ങോട്ടാണ് പോകുന്നതെന്ന് എനിക്കറിയില്ലായിരുന്നു, പക്ഷേ ഞാൻ അവിടെ പോകാൻ ആഗ്രഹിക്കുന്നില്ലെന്ന് എനിക്കറിയാമായിരുന്നു. ഞാൻ ആ രാജ്യത്തിന്റെ ഭാഷ സംസാരിച്ചില്ല, എന്റെ മനസ്സ് അവിടുത്തെ ആചാരങ്ങൾക്കും ജനങ്ങൾക്കും എതിരായ മുൻവിധികളാൽ നിറഞ്ഞിരുന്നു. അതുകൊണ്ട് എന്നെ മറ്റൊരിടത്തേക്ക് അയയ്ക്കാൻ ഞാൻ ദൈവത്തോട് ആവശ്യപ്പെട്ടു.

എന്നാൽ ദൈവം തന്റെ അനന്തമായ ജ്ഞാനത്താൽ ഞാൻ പോകരുതെന്ന് ആഗ്രഹിച്ചിടത്തേക്ക് കൃത്യമായി എന്നെ അയച്ചു. അവിടുന്നു അന്ന് അതു ചെയ്തതിൽ എനിക്കിന്നു വളരെ സന്തോഷമുണ്ട്! നാൽപതു വർഷങ്ങൾക്കു ശേഷവും ആ നാട്ടിൽ എനിക്ക് പ്രിയപ്പെട്ട സുഹൃത്തുക്കളുണ്ട്. ഞാൻ വിവാഹിതനായപ്പോൾ, എന്റെ ''ബെസ്റ്റ്മാൻ" സ്റ്റെഫാൻ അവിടെ നിന്നാണ് വന്നത്. അവൻ വിവാഹിതനായപ്പോൾ പ്രത്യുപകാരം ചെയ്യാൻ ഞാൻ അങ്ങോട്ട് പറന്നു. ഞങ്ങൾ ഉടൻ മറ്റൊരു സന്ദർശനം കൂടി പ്ലാൻ ചെയ്യുന്നു.

ദൈവം ഹൃദയങ്ങളെ മാറ്റുമ്പോൾ മനോഹരമായ കാര്യങ്ങൾ സംഭവിക്കുന്നു! അത്തരം ഒരു പരിവർത്തനം വെറും രണ്ട് വാക്കുകളിൽ ചിത്രീകരിച്ചിരിക്കുന്നു: ''ശൗലേ, സഹോദരാ" (അപ്പൊ. പ്രവൃത്തി. 9:17).

ശൗലിന്റെ പരിവർത്തനത്തിനു ശേഷം അവന്റെ കാഴ്ച്ചയെ സൗഖ്യമാക്കുവാൻ ദൈവം വിളിച്ച അനന്യാസ് എന്ന വിശ്വാസിയിൽ നിന്നുള്ളതായിരുന്നു ആ വാക്കുകൾ (വാ.10-12). ശൗലിന്റെ അക്രമാസക്തമായ ഭൂതകാലം നിമിത്തം അനന്യാസ് ആദ്യം എതിർത്തു പ്രാർഥിച്ചു: "ആ മനുഷ്യൻ... നിന്റെ വിശുദ്ധന്മാർക്ക് എത്ര ദോഷം ചെയ്തു എന്ന് പലരും പറഞ്ഞു ഞാൻ കേട്ടിരിക്കുന്നു" (വാ.13).

എന്നാൽ അനന്യാസ് അനുസരണയോടെ പോയി. അവന്റെ ഹൃദയം മാറിയതിനാൽ, അനന്യാസ് വിശ്വാസത്തിൽ ഒരു പുതിയ സഹോദരനെ സമ്പാദിച്ചു. ശൗൽ പൗലൊസ് എന്നറിയപ്പെട്ടു, യേശുവിന്റെ സുവാർത്ത ശക്തിയോടെ പരന്നു. യഥാർത്ഥ മാറ്റം അവനിലൂടെ എല്ലായ്പോഴും സാധ്യമാണ്!

ദൈവത്തിനു മുമ്പാകെ മിണ്ടാതിരിക്കുക

ജീവനുള്ള ഒരു വ്യക്തിയുടെ ആദ്യ ഫോട്ടോ എടുത്തത് 1838-ൽ ലൂയിസ് ഡാഗുറെയാണ്. പാരീസിലെ വിശാലമായ ഒരു തെരുവിൽ ഉച്ചതിരിഞ്ഞനേരം നിൽക്കുന്ന ഒരു വ്യക്തിയെ ആ ഫോട്ടോ ചിത്രീകരിക്കുന്നു. എന്നാൽ അതിൽ പ്രകടമായ ഒരു വിരോധാഭാസമുണ്ട്; ആ സമയത്ത് തെരുവുകളും നടപ്പാതകളും വണ്ടികളുടെയും കാൽനടയാത്രക്കാരുടെയും ഗതാഗതത്താൽ തിരക്കേറിയതായിരിക്കണം, എന്നിട്ടും ആരെയും കാണാനില്ല. ആ വീഥി ശൂന്യമായി കാണപ്പെട്ടു.

ആ മനുഷ്യൻ ഒറ്റയ്ക്കല്ലായിരുന്നു. ഫോട്ടോ എടുത്ത തിരക്കേറിയ ജനപ്രിയ പ്രദേശമായ ബുളവാർഡ് ഡ്യു ടെംപിളിൽ മനുഷ്യരും കുതിരകളും ഉണ്ടായിരുന്നു. ചിത്രത്തിൽ അവ വന്നില്ല എന്ന് മാത്രം. ആ ഫോട്ടോ പ്രോസസ്സ് ചെയ്യുന്നതിനുള്ള എക്സ്പോഷർ സമയം (Daguerreotype എന്നറിയപ്പെടുന്നത്) ഒരു ചിത്രം പകർത്താൻ ഏഴ് മിനിറ്റ് എടുത്തു. ഫോട്ടോ എടുക്കുമ്പോൾ’ വസ്തു ചലനരഹിതമായിരിക്കണം. വഴിയരികിലെ ആ മനുഷ്യൻ മാത്രമാണ് ഫോട്ടോയിൽ വന്നത്, കാരണം അയാൾ മാത്രമാണ് നിശ്ചലമായി നിന്നത് - അയാൾ തന്റെ ബൂട്ടുകൾ പോളിഷ് ചെയ്പ്പിക്കുകയായിരുന്നു. 

ചിലപ്പോൾ നിശ്ചലത ചലനത്തിലും പരിശ്രമത്തിനും കഴിയാത്തത് നിറവേറ്റുന്നു. സങ്കീർത്തനം 46:10 ൽ ദൈവം തന്റെ ജനത്തോട് പറയുന്നു, "മിണ്ടാതിരുന്നു, ഞാൻ ദൈവമെന്ന് അറിഞ്ഞുകൊൾവിൻ." "ജാതികൾ ക്രുദ്ധിച്ചാലും" (വാ.6) "ഭൂമി മാറിപ്പോയാലും" (വാ.2), മിണ്ടാതിരുന്ന് അവനിൽ ആശ്രയിക്കുന്നവർ, "കഷ്ടങ്ങളിൽ അവൻ ഏറ്റവും അടുത്ത തുണയായിരിക്കുന്നു"(വാ.1) എന്നു മനസ്സിലാക്കും.

"മിണ്ടാതിരുന്നു" എന്ന് അവതരിപ്പിച്ചിരിക്കുന്ന എബ്രായ ക്രിയയെ "പരിശ്രമം നിർത്തുക" എന്നും പരിഭാഷപ്പെടുത്താവുന്നതാണ്. നമ്മുടെ പരിമിതമായ പരിശ്രമങ്ങളെ ആശ്രയിക്കുന്നതിനു പകരം നാം ദൈവത്തിൽ വിശ്രമിക്കുമ്പോൾ അവൻ നമ്മുടെ അനിഷേധ്യമായ "സങ്കേതവും ബലവും" ആണെന്ന് നാം കണ്ടെത്തുന്നു (വാ.1).

ദൈവത്തെ അനുസരിക്കുക

ഞാൻ വീട്ടിൽ നിന്ന് കോളേജിലേക്കും പിന്നീട് വീട്ടിലേക്കും ഡ്രൈവ് ചെയ്തിരുന്ന കാലത്ത്, വളരെ ദൂരം വളവും തിരിവും ഇല്ലാത്ത ഞങ്ങളുടെ വീട്ടിലേക്കുള്ള വഴി വളരെ വിരസമായിരുന്നു. ആ വഴിയിൽ ഒന്നിലധികം  തവണ, അനുവദിച്ചത്തിലും വേഗത്തിൽ വാഹനം ഓടിച്ചതായി ഞാൻ മനസ്സിലാക്കി. ആദ്യം, ഹൈവേ പട്രോൾ പോലീസ് എനിക്ക് മുന്നറിയിപ്പ് നൽകി. പിന്നെ ടിക്കറ്റ് കിട്ടി. പിന്നീട് അതേ സ്ഥലത്തു വച്ച് രണ്ടാമത് അവർ എന്നെ പിടിച്ചു.

അനുസരിക്കുവാൻ വിസമ്മതിക്കുന്നത് ദൗർഭാഗ്യകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാം. ഇതിന്റെ ദാരുണമായ ഒരു ദൃഷ്ടാന്തം നല്ലവനും വിശ്വസ്തനുമായ രാജാവായിരുന്ന യോശീയാവിന്റെ ജീവിതത്തിൽ നിന്നുള്ളതാണ്. ബാബേലിനെതിരായ യുദ്ധത്തിൽ അശ്ശൂരിനെ സഹായിക്കുവാൻ  മിസ്രയീംരാജാവായ നെഖോ യെഹൂദപ്രദേശത്തുകൂടി നീങ്ങിയപ്പോൾ, യോശീയാവ് അവനെ നേരിടാൻ പുറപ്പെട്ടു. നെഖോ യോശീയാവിന്റെ അടുക്കൽ ദൂതൻമാരെ അയച്ചു, "ദൈവം എന്നോടു ബദ്ധപ്പെടുവാൻ കല്പിച്ചിരിക്കുന്നു: എന്റെ പക്ഷത്തിലുള്ള ദൈവം നിന്നെ നശിപ്പിക്കാതിരിക്കേണ്ടതിന് അവനോട് ഇടപെടരുത്" (2 ദിനവൃ. 35:21) എന്ന് പറയിച്ചു. ദൈവം ശരിക്കും നെഖോയെ അയച്ചു, എന്നാൽ "നെഖോ പറഞ്ഞ വചനങ്ങളെ കേൾക്കാതെ യോശീയാവ് മെഗിദ്ദോ താഴ്വരയിൽ യുദ്ധം ചെയ്‍വാൻ ചെന്നു" (വാ.22). ആ യുദ്ധത്തിൽ യോശീയാവ് മാരകമായി പരിക്കേറ്റു മരിക്കുവാനിടയായി. "എല്ലാ യെഹൂദായും യെരുശലേമും അവനെകുറിച്ച് വിലപിച്ചു" (വാ.24).

ദൈവത്തെ സ്നേഹിച്ചിരുന്ന യോശീയാവ്, ദൈവത്തെ കേൾക്കാനോ മറ്റുള്ളവരിലൂടെ അവിടുത്തെ ജ്ഞാനം കേൾക്കാനോ സമയമെടുക്കാതെ സ്വന്തം വഴിയിൽ ഉറച്ചുനിന്നത് ഒരിക്കലും നല്ല രീതിയിൽ അവസാനിക്കില്ലെന്ന് ഒടുവിൽ കണ്ടെത്തി. എല്ലായ്പോഴും നമ്മെത്തന്നെ പരിശോധിക്കാനും അവിടുത്തെ ജ്ഞാനം ഹൃദയത്തിൽ എടുക്കാനും ആവശ്യമായ താഴ്മ ദൈവം നമുക്ക്‌ നൽകട്ടെ.

ഒരു ബബൂൺ, ഒരു കഴുത, പിന്നെ ഞാനും

ട്രെയിനുകൾ ശരിയായ പാതയിൽ എത്തിക്കാൻ ജാക്കിന്റെ കഴിവ് മികവുറ്റതായിരിന്നു. ഒമ്പത് വർഷത്തെ ജോലിയിൽ, ദക്ഷിണാഫ്രിക്കയിലെ യുറ്റെൻഹേഗിന് സമീപം  ലോക്കോമോട്ടീവുകൾ എത്തുമ്പോൾ ഒരിക്കൽപോലും ട്രാക്ക് സ്വിച്ച് മാറ്റുന്നതിൽ താൻ പരാജയപ്പെട്ടിട്ടില്ല. അതു പോകേണ്ട ദിശയ്ക്കുള്ള വിസിൽ ശബ്ദം കേട്ട ഉടനെ, അവൻ അവരുടെ ട്രാക്ക് കൃത്യമായി മാറ്റുന്നു.

ജാക്ക് ഒരു വാലില്ലാക്കുരങ്ങ് ആയിരുന്നു. ജാക്കും ഒരു ചാക്മ ബാബൂൺ ആയിരുന്നു. റെയിൽവേ സിഗ്നൽമാൻ ജെയിംസ് വൈഡ് ഓടുന്ന റെയിൽവെ കാറുകൾക്കിടയിലെ വീഴ്ചയിൽ രണ്ട് കാലുകളും നഷ്ടപ്പെട്ടിരുന്നു. അദ്ദേഹത്തെ ജാക്ക് പരിപാലിച്ചു.  വീടിനു ചുറ്റുമുള്ള ജോലികളിൽ സഹായിക്കാൻ ജാക്കിനെ അദ്ദേഹം പരിശീലിപ്പിച്ചു, താമസിയാതെ ജോലിസ്ഥലത്തും ജാക്ക് അദ്ദേഹത്തെ സഹായിച്ചു, വന്നുചേരുന്ന ട്രെയിനുകളുടെ സിഗ്നലുകളോട് അവയുടെ ട്രാക്കുകൾക്ക് അനുയോജ്യമായ ലിവർ വലിച്ചുകൊണ്ട് എങ്ങനെ പ്രവർത്തിപ്പിക്കണമെന്നു ജാക്ക് മനസ്സിലാക്കി.

ആശ്ചര്യപ്പെടുത്തുന്ന രീതിയിൽ ഒരാളെ സഹായിച്ച മറ്റൊരു മൃഗത്തെക്കുറിച്ച് ബൈബിൾ പറയുന്നു - ബിലെയാമിന്റെ കഴുത. ഇസ്രായേലിനെ ദ്രോഹിക്കാൻ ഉദ്ദേശിച്ചിരുന്ന ഒരു രാജാവിനെ സേവിക്കുന്ന ഒരു പുറജാതീയ പ്രവാചകനായിരുന്നു ബിലെയാം. ആ രാജാവിനെ സഹായിക്കാൻ ബിലെയാം തന്റെ കഴുതപ്പുറത്ത് കയറുമ്പോൾ, "യഹോവ കഴുതയുടെ വായ് തുറന്നു" അത് ബിലെയാമിനോട് സംസാരിച്ചു (സംഖ്യ 22:28). ദൈവം "ബിലെയാമിന്റെ കണ്ണുകൾ" (വാക്യം 31) തുറന്നു. ആസന്നമായ അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും, തന്റെ ജനത്തെ ദ്രോഹിക്കുന്നതിൽ നിന്ന് അവനെ തടയുകയും ചെയ്തതിന്റെ ഭാഗമായിരുന്നു കഴുതയുടെ സംസാരം.

ഒരു റെയിൽവേ ബബൂൺ? ഒരു സംസാരിക്കുന്ന കഴുത? ദൈവത്തിന് ഈ അത്ഭുതകരമായ മൃഗങ്ങളെ നല്ല ഉദ്ദേശ്യങ്ങൾക്കായി ഉപയോഗിക്കാൻ കഴിയുമെങ്കിൽ, അവൻ നിങ്ങളെയും എന്നെയും ഉപയോഗിക്കുമെന്ന് വിശ്വസിക്കുന്നത് ഒരിക്കലും മണ്ടത്തരമല്ല. നാം അവനിലേക്ക് നോക്കുകയും അവന്റെ ശക്തി തേടുകയും ചെയ്യുന്നതിലൂടെ, നാം വിചാരിക്കുന്നതിലും കൂടുതൽ നേട്ടം കൊയ്യാൻ കഴിയും.

അനുഗ്രഹങ്ങളുടെ സൂക്ഷിപ്പുകാരൻ

919 ജനുവരി 15-ന് അമേരിക്കയിലെ ബോസ്റ്റണിൽ അസംസ്കൃത പഞ്ചസാര സിറപ്പ് വഹിക്കുന്ന ഒരു വലിയ ടാങ്ക് പൊട്ടിത്തെറിച്ചു. 75 ലക്ഷം ലിറ്റർ അസംസ്‌കൃത പഞ്ചസാര സിറപ്പ് പതിനഞ്ച് അടി ഉയരത്തിൽ 30 മൈലിലധികം വേഗതയിൽ റെയിൽ‌കാർകളെയും കെട്ടിടങ്ങളെയും ആളുകളെയും മൃഗങ്ങളെയും തൂത്തുവാരികൊണ്ട് തെരുവിലൂടെ പാഞ്ഞു. അസംസ്‌കൃത പഞ്ചസാര സിറപ്പ് വേണ്ടത്ര നിരുപദ്രവകരമായി തോന്നിയേക്കാം, എന്നാൽ അന്ന് അത് മാരകമായിരുന്നു: 150-തോ അതിലധികമോ പേർക്ക് പരിക്കേറ്റു 21 പേർക്ക് ജീവൻ നഷ്ട്ടപ്പെട്ടു.

 

ചിലപ്പോൾ അസംസ്കൃത പഞ്ചസാര സിറപ്പ് പോലെയുള്ള നല്ല കാര്യങ്ങൾ പോലും അപ്രതീക്ഷിതമായി നമ്മെ കീഴടക്കിയേക്കാം. ദൈവം വാഗ്‌ദത്തം ചെയ്‌ത ദേശത്ത്‌ ഇസ്രായേല്യർ പ്രവേശിക്കുന്നതിനുമുമ്പ്‌, തങ്ങൾക്കു ലഭിക്കുന്ന നല്ല വസ്‌തുക്കളുടെ പുകഴ്ച്ച ‌എടുക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന്‌ മോശ ജനങ്ങളോട്‌ മുന്നറിയിപ്പു നൽകി: “നീ ഭക്ഷിച്ചു തൃപ്തിപ്രാപിച്ചു നല്ല വീടുകൾ പണിതു അവയിൽ പാർക്കുമ്പോഴും നിന്റെ ആടുമാടുകൾ പെരുകി നിനക്കു വെള്ളിയും പൊന്നും ഏറി നിനക്കുള്ളതു ഒക്കെയും വദ്ധിക്കുമ്പോഴും നിന്റെ ഹൃദയം നിഗളിക്കാതാരിപ്പാനും, നിന്നെ അടിമവീടായ മിസ്രയീമിൽനിന്നു പുറപ്പെടുവിക്കയും ചെയ്ത ദൈവത്തെ മറക്കരുത്.” ഈ സമ്പത്ത് അവരുടെ സ്വന്തം ശക്തിയിലോ കഴിവിലോ ആരോപിക്കരുത് പകരം, മോശ പറഞ്ഞു , "നിന്റെ ദൈവമായ യഹോവയെ നീ ഓർക്കേണം; നിന്റെ പിതാക്കന്മാരോടു സത്യം ചെയ്ത തന്റെ നിയമം ഇന്നുള്ളതുപോലെ ഉറപ്പിക്കേണ്ടതിന്നു അവനല്ലോ നിനക്കു സമ്പത്തുണ്ടാക്കുവാൻ ശക്തിതരുന്നതു." (ആവർത്തനം 8:12-14, 17-18).

 

എല്ലാ നല്ല കാര്യങ്ങളും—ശാരീരിക ആരോഗ്യവും ഉപജീവനത്തിന് ആവശ്യമായ കഴിവുകളും ഉൾപ്പെടെ—നമ്മുടെ സ്‌നേഹവാനായ ദൈവത്തിന്റെ കൈയിൽ നിന്നുള്ള അനുഗ്രഹങ്ങളാണ്. നമ്മൾ കഠിനാധ്വാനം ചെയ്താലും നമ്മെ താങ്ങി നിർത്തുന്നത് അവനാണ്. ഓ, നമ്മുടെ അനുഗ്രഹങ്ങൾ തുറന്ന കൈകളാൽ പിടിക്കുക, നമ്മോടുള്ള അവന്റെ ദയയെപ്രതി നാം ദൈവത്തെ നന്ദിപൂർവ്വം സ്തുതിക്കും!

നഷ്ടപ്പെട്ടു, കണ്ടെത്തി, ആനന്ദിച്ചു

"അവർ എന്നെ 'റിംഗ് മാസ്റ്റർ' എന്ന് വിളിക്കുന്നു. ഈ വർഷം ഇതുവരെ 167 നഷ്ടപ്പെട്ട മോതിരങ്ങൾ ഞാൻ കണ്ടെത്തി."

 

എന്റെ ഭാര്യ കാരിയുമൊത്ത് കടൽത്തീരത്ത് നടക്കുന്നതിനിടയിൽ, സർഫ് ലൈനിന് തൊട്ടുതാഴെയുള്ള ഒരു പ്രദേശം ലോഹങ്ങൾ കണ്ടെടുക്കുന്ന ഒരു ഉപകരണം ഉപയോഗിച്ച് പരിശോധിക്കുന്ന ഒരു വൃദ്ധനുമായി ഞങ്ങൾ സംഭാഷണം ആരംഭിച്ചു. “ചിലപ്പോൾ മോതിരങ്ങളിൽ പേരുകൾ ഉണ്ടാകും,” അദ്ദേഹം വിശദീകരിച്ചു, “ഞാൻ അവ തിരികെ നൽകുമ്പോൾ അവയുടെ ഉടമകളുടെ മുഖത്തെ സന്തോഷം കാണാൻ ഞാൻ ഇഷ്ടപ്പെടുന്നു. ഞാൻ സാമൂഹ്യമാധ്യമത്തിൽ പങ്കുവെച്ച് ആരെങ്കിലും കളഞ്ഞു പോയത് അന്വേഷിച്ചു വന്നിട്ടുണ്ടോ എന്ന് നോക്കും. വർഷങ്ങളായി നഷ്ടപ്പെട്ട മോതിരങ്ങൾ വരെ ഞാൻ കണ്ടെത്തിയിട്ടുണ്ട്. ലോഹങ്ങൾ കണ്ടെടുക്കുന്നത് എനിക്ക് ഇഷ്ടമാണെന്നും എന്നാൽ അത് തുടർച്ചയായി ചെയ്യാറില്ലെന്നും ഞങ്ങൾ പറഞ്ഞപ്പോൾ, "പോയില്ലെങ്കിൽ താങ്കൾക്ക് അത് അറിയാൻ കഴിയില്ല!" എന്ന് പറഞ്ഞു അദ്ദേഹം യാത്രയായി.

 

ലൂക്കോസ് 15-ൽ മറ്റൊരു തരത്തിലുള്ള "തിരയലും രക്ഷപെടുത്തലും" നാം കാണുന്നു. ദൈവത്തിൽ നിന്ന് അകന്നിരിക്കുന്ന ആളുകളെ കരുതിയതിന് യേശുവിനെ വിമശിർച്ചിട്ടുണ്ട്(വാ. 1-2). മറുപടിയായി, നഷ്ടപ്പെട്ടതും പിന്നീട് കണ്ടെത്തിയതുമായ കാര്യങ്ങളെക്കുറിച്ച് അവൻ മൂന്ന് കഥകൾ പറഞ്ഞു - ഒരു ആട്, ഒരു നാണയം, ഒരു മകൻ. കാണാതെപോയ ആടിനെ കണ്ടെത്തുന്ന മനുഷ്യൻ “കണ്ടു കിട്ടിയാൽ സന്തോഷിച്ചു ചുമലിൽ എടുത്തു വീട്ടിൽ വന്നു സ്നേഹിതന്മാരെയും അയൽക്കാരെയും വിളിച്ചുകൂട്ടി: കാണാതെ പോയ എന്റെ ആടിനെ കണ്ടുകിട്ടിയതുകൊണ്ടു എന്നോടു കൂടെ സന്തോഷിപ്പിൻ എന്നു അവരോടു പറയും.” (ലൂക്കാ 15:5-6). എല്ലാ കഥകളും ആത്യന്തികമായി പറയുന്നത് നഷ്ടപ്പെട്ട ആളുകളെ  കണ്ടെത്തുന്നതും  കണ്ടെത്തുമ്പോൾ ഉണ്ടാകുന്ന സന്തോഷവുമാണ്.

 

"കാണാതെ പോയതിനെ തിരഞ്ഞു രക്ഷിപ്പാനാണ്" യേശു വന്നത്(19:10), അവൻ നമ്മെ സ്നേഹത്തോടെ ക്ഷണിക്കുന്നത്  അവനെ അനുഗമിക്കാനും   ദൈവത്തിലേക്ക് തിരികെ വരാനുമാണ് (മത്തായി 28:19 കാണുക). മറ്റുള്ളവർ തന്നിലേക്ക് മടങ്ങിവരുന്നത്‌ കാണാൻ സന്തോഷത്തോടെ അവൻ കാത്തിരിക്കുന്നു.  മടങ്ങി പോയില്ലെങ്കിൽ ആ സന്തോഷം നമുക്ക് അനുഭവിക്കാൻ കഴിയില്ല. 

അമൂല്യമായ പ്രാർത്ഥന

ക്ലാർക്ക്‌സ് നട്ട്ക്രാക്കർ ഒരു അത്ഭുതകരമായ പക്ഷിയാണ്. ഓരോ വർഷവും, മഞ്ഞുകാലത്തിനുവേണ്ടി അതു പൈൻവിത്തുകൾ ശേഖരിച്ചുവയ്ക്കുന്നു. ഇതിനായി നാലോ അഞ്ചോ വൈറ്റ്ബാർക്ക് പൈൻ വിത്തുകളുടെ ചെറിയ കൂമ്പാരം - മണിക്കൂറിൽ അഞ്ഞൂറ് വിത്തുകളോളം - ഒളിപ്പിച്ചു വയ്ക്കുന്നു. പിന്നീട്, മാസങ്ങൾക്കുശേഷം, കനത്ത മഞ്ഞുവീഴ്ചയിൽ പോലും വിത്തുകൾ ഭക്ഷിക്കാൻ അതു തിരിച്ചെത്തുന്നു. ഒരു നട്ട്ക്രാക്കർ പക്ഷിക്ക് വിത്തുകൾ ഒളിപ്പിച്ചിരിക്കുന്ന പതിനായിരത്തോളം സ്ഥലങ്ങൾ ഓർമ്മിക്കാൻ കഴിവുണ്ട്. അത്ഭുതപ്പെടുത്തുന്ന ഒരു കഴിവാണിത് (പ്രത്യേകിച്ച് നമ്മുടെ കാറിന്റെ താക്കോലോ കണ്ണടയോ വെച്ചിരിക്കുന്ന സ്ഥാനം ഓർക്കാൻ മനുഷ്യരായ നമുക്കുണ്ടാകുന്ന ബുദ്ധിമുട്ട് കണക്കിലെടുക്കുമ്പോൾ).

എന്നാൽ നമ്മുടെ പ്രാർത്ഥനകൾ ഓർക്കാനുള്ള ദൈവത്തിന്റെ കഴിവുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ അവിശ്വസനീയമായ ഓർമ്മശക്തി പോലും നിഷ്പ്രഭമാണ്. ആത്മാർത്ഥമായ എല്ലാ പ്രാർത്ഥനകളുടെയും വഴികൾ സൂക്ഷിച്ചുവയ്ക്കാനും വർഷങ്ങൾക്ക് ശേഷവും അവ ഓർക്കാനും പ്രതികരിക്കാനും ദൈവത്തിന് കഴിയും. വെളിപ്പാടു പുസ്തകത്തിൽ, സ്വർഗത്തിൽ കർത്താവിനെ ആരാധിക്കുന്ന “നാലു ജീവികളെയും” “ഇരുപത്തിനാലു മൂപ്പന്മാരെയും’’ അേൊസ്തലനായ യോഹന്നാൻ വിവരിക്കുന്നു. ഓരോരുത്തരും “വീണയും വിശുദ്ധന്മാരുടെ പ്രാർത്ഥന എന്ന ധൂപവർഗ്ഗം നിറഞ്ഞ പൊൻകലശവും’’ പിടിച്ചിരുന്നു (5:8).

പുരാതന ലോകത്ത് ധൂപവർഗ്ഗം അമൂല്യമായിരുന്നതുപോലെ, നമ്മുടെ പ്രാർത്ഥനകൾ ദൈവത്തിന് വളരെ വിലപ്പെട്ടതാണ്, അവൻ അവയെ തന്റെ മുമ്പിൽ നിരന്തരം സൂക്ഷിക്കുന്നു - സ്വർണ്ണ പാത്രങ്ങളിൽ അമൂല്യമായി! നമ്മുടെ പ്രാർത്ഥനകൾ ദൈവത്തിന് പ്രധാനമാണ്, കാരണം നാം അവനു പ്രാധാന്യമുള്ളവരാണ്. യേശുവിലുള്ള, നമുക്കനർഹമായ അവിടുത്തെ ദയയിലൂടെ അവൻ നമുക്ക് തടസ്സമില്ലാത്ത പ്രവേശനം വാഗ്ദാനം ചെയ്യുന്നു (എബ്രായർ 4:14-16). അതിനാൽ ധൈര്യത്തോടെ പ്രാർത്ഥിക്കുക! ദൈവത്തിന്റെ അത്ഭുതകരമായ സ്‌നേഹം നിമിത്തം ഒരു വാക്കും മറക്കപ്പെടുകയോ അസ്ഥാനത്താകുകയോ ചെയ്യില്ലെന്ന് അറിയുക.

ദൈവവചനം ഗ്രഹിക്കുക

എന്റെ വലിയച്ഛന്റെ പഴയ ഫാം ഹൗസിന്റെ വാതിൽ ഫ്രെയിമിൽ തൂങ്ങിക്കിടക്കുന്ന പരുക്കൻ, കാസ്റ്റ് അയണിന്റെ വളയം കഠിനമായ ശൈത്യത്തെ അതിജീവിക്കുന്നതായിരുന്നു. നൂറ് അടിയിലധികം അകലെ മറ്റൊരു വളയം പശുത്തൊഴുത്തിൽ ഉറപ്പിച്ചിരുന്നു. വലിയ മഞ്ഞുവീഴ്ച ഉണ്ടാകുമ്പോൾ, എന്റെ അങ്കിൾ രണ്ടു വളയങ്ങൾക്കിടയിലൂടെ ഒരു കയർ ബന്ധിക്കും, അങ്ങനെ വീടിനും തൊഴുത്തിനും ഇടയിലുള്ള വഴി കണ്ടെത്താനാകും. കാഴ്ച മറയ്ക്കുന്ന മഞ്ഞുവീഴ്ചയിലും വഴിതെറ്റാതെ കയറിൽ പിടിച്ചുകൊണ്ട് അദ്ദേഹത്തിനു നടക്കുവാൻ കഴിയുമായിരുന്നു. 

എന്റെ അങ്കിൾ കനത്ത മഞ്ഞുവീഴ്ചയിൽ ഈ സുരക്ഷാ കയർ ഉപയോഗിക്കുന്നത്, ദൈവത്തിന്റെ ജ്ഞാനം നമ്മെ ജീവിതത്തിലൂടെ എങ്ങനെ നയിക്കുകയും പാപത്തിൽ നിന്നും തെറ്റുകളിൽ നിന്നും എങ്ങനെ സംരക്ഷിക്കുകയും ചെയ്യുന്നു എന്നറിയാൻ ദാവീദ് എബ്രായ കവിതയുടെ വരികൾ ഉപയോഗിച്ചതിനെക്കുറിച്ച് എന്നെ ഓർമ്മിപ്പിക്കുന്നു: “യഹോവാഭക്തി നിർമ്മലമായതു; അതു എന്നേക്കും നിലനില്ക്കുന്നു; യഹോവയുടെ വിധികൾ സത്യമായവ; അവ ഒട്ടൊഴിയാതെ നീതിയുള്ളവയാകുന്നു. അവ പൊന്നിലും വളരെ തങ്കത്തിലും ആഗ്രഹിക്കത്തക്കവ; തേനിലും തേങ്കട്ടയിലും മധുരമുള്ളവ. അടിയനും അവയാൽ പ്രബോധനം ലഭിക്കുന്നു; അവയെ പ്രമാണിക്കുന്നതിനാൽ വളരെ പ്രതിഫലം ഉണ്ടു’’ (സങ്കീർത്തനം 19:9-11).

നമ്മുടെ ഹൃദയങ്ങളിൽ പ്രവർത്തിക്കുന്ന ദൈവാത്മാവ് നൽകുന്ന തിരുവെഴുത്തുകളിലെ സത്യങ്ങളുടെ ദൃഢമായ ഗ്രാഹ്യം, വഴിതെറ്റിപ്പോകുന്നതിൽ നിന്ന് നമ്മെ തടയുകയും ദൈവത്തെയും മറ്റുള്ളവരെയും ബഹുമാനിക്കുന്ന തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുകയും ചെയ്യുന്നു. ദൈവത്തിൽ നിന്ന് അലഞ്ഞുതിരിയുന്നതിനെതിരെ ബൈബിൾ മുന്നറിയിപ്പ് നൽകുകയും വീട്ടിലേക്കുള്ള വഴി കാണിക്കുകയും ചെയ്യുന്നു. നമ്മുടെ രക്ഷകന്റെ അമൂല്യമായ സ്‌നേഹത്തെക്കുറിച്ചും അവനിൽ വിശ്വസിക്കുന്ന എല്ലാവരെയും കാത്തിരിക്കുന്ന അനുഗ്രഹങ്ങളെക്കുറിച്ചും അതു നമ്മോടു പറയുന്നു. തിരുവെഴുത്ത് ഒരു ജീവൻരക്ഷാ കയറാണ്! അതിനെ എപ്പോഴും മുറുകെ പിടിക്കാൻ ദൈവം നമ്മെ സഹായിക്കട്ടെ.